ബലിപെരുന്നാൾ പ്രമാണിച്ച് 390 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഷാർജ. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉത്തരവിട്ടത്. അത് കൂടാതെ അജ്മാനിൽ നിന്ന് 166 തടവുകാരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയും ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാൻ 998 തടവുകാരെ വിവിധ ജയിലുകളിൽ നിന്ന് മോചിപ്പിക്കാൻ നേരത്തേ ഉത്തരവിട്ടിരുന്നു. കൂടാതെ, ദുബായിലെ ജയിലുകളിൽ നിന്ന് 650 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പ്രഖ്യാപിച്ചിരുന്നു. ഉമ്മുൽഖുവൈനിലെ വിവിധ ജയിലുകളിൽ നിന്ന് തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും ഉത്തരവിട്ടിരുന്നു.
വിവിധ കേസുകളിലായി ശിക്ഷയനുഭവിച്ചിരുന്നവരാണ് ഇപ്പോൾ മോചിതരാകാൻ പോകുന്ന തടവുകാർ. ശിക്ഷാ കാലയളവിൽ മികച്ച സ്വഭാവം കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ മോചനത്തിനായി പരിഗണിക്കാൻ കാരണം. വിട്ടയക്കപ്പെടുന്നവരെല്ലാം എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബവുമായി ചേർന്ന് മികച്ച ജീവിതം നയിക്കട്ടെയെന്നും ഭരണാധികാരികള്‍ ആശംസിച്ചു.