അടുത്ത ഹജ്ജ് സീസണിലേയ്ക്കുള്ള രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രഖ്യാപിച്ച് യുഎഇ. അടുത്ത സീസണിലേക്കുള്ള രജിസ്ട്രേഷൻ 2024 സെപ്തംബർ ആദ്യം മുതൽ ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്‌സ് ആന്റ് സകാഫ് (ഔഖാഫ്) അറിയിച്ചു.
തീർത്ഥാടനത്തിനുള്ള അപേക്ഷകൾ അതോറിറ്റിയുടെ സ്‌മാർട്ട് ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും സമർപ്പിച്ച് രജിസ്‌ട്രേഷൻ നടത്താൻ സാധിക്കും. തീർത്ഥാടകർ ലൈസൻസുള്ള ടൂർ ഓപ്പറേറ്റർമാർ വഴിയാണ് തീർത്ഥാടനത്തിന് പോകേണ്ടത്. അതിൻ്റെ ലിസ്റ്റ് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് എൻഡോവ്‌മെൻ്റിൻ്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വിസ ചെലവുകൾ, ഹോട്ടലുകൾ, ഗതാഗതം, ഭക്ഷണം എന്നിവ കൈകാര്യം ചെയ്യുന്ന എല്ലാ ഹജ്ജ് പാക്കേജുകളും ഓപ്പറേറ്റർമാർ വാഗ്ദാനം ചെയ്യുന്നുണ്ട്.
ജൂൺ 18ന് പിശാചിനെ പ്രതീകാത്മകമായി കല്ലെറിഞ്ഞതിൻ്റെ മൂന്നാം ദിവസത്തോടെ തീർത്ഥാടകർ ഈ വർഷത്തെ ഹജ്ജ് പൂർത്തിയാക്കി. ഈ വർഷം ഏകദേശം 1.8 ദശലക്ഷം തീർത്ഥാടകർ ഹജ്ജ് നിർവ്വഹിച്ചതായാണ് റിപ്പോർട്ട്. ഇതിൽ 1.6 ദശലക്ഷം പേർ സൗദിക്ക് പുറത്ത് നിന്ന് എത്തിയവരാണ്.