യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും മറ്റ് ഉദ്യോഗസ്ഥരുമായും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. മിഡിൽ ഈസ്റ്റ് മേഖലയിലെ രാജ്യങ്ങൾ തമ്മിൽ പരസ്പര ബന്ധിതവും സമാധാനപരവും സുരക്ഷിതവും സുസ്ഥിരവുമായ പൊതു കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സംരംഭങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച.യെമനിലെ സമാധാന പ്രക്രിയകൾക്കും ചർച്ച മുൻതൂക്കം നൽകി.
കഴിഞ്ഞ വർഷം എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് യുഎസ് സൗദിയെ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന സൌദിയുമായി ബന്ധം നവീകരിക്കാൻ ബൈഡൻ ഭരണകൂടം ശ്രമിക്കുന്നതിൻ്റെ സൂചനകൂടിയാണ് ജേക്ക് സളളിവറിൻ്റെ സന്ദർശനം. ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള വാഷിംഗ്ടൺ എബ്രഹാം ഉടമ്പടി വിപുലീകരിക്കാനുള്ള ശ്രമങ്ങൾക്ക് ഇടയിലാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാർ സുപ്രീം കോടതിയിലേക്കുള്ള പരിഷ്കാരങ്ങളുമായി മുന്നോട്ട് പോയതിന് അമേരിക്ക വിമശനം ഉന്നയിച്ചിരുന്നു. പാലസ്തീനികൾക്കായി ഇസ്രായേൽ ഇളവുകൾ നൽകുന്നതും അമേരിക്കൻ എതിർപ്പുകൾക്ക് ഇടയാക്കിയിരുന്നു.റിയാദും ഇസ്രയേലും തമ്മിലുളള ബന്ധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ സൌദിയെ ഒപ്പം നിർത്താനുളള നീക്കങ്ങളും യുഎസ് സുരക്ഷാ ഉപദേഷ്ടാവിൻ്റെ സന്ദർശനത്തിന് പിന്നിലുണ്ട്.