വിവിധ തരം കഴിവുകളുള്ള നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. പലർക്കും മികവ് തെളിയിക്കാൻ ഒരു വേദി ലഭിക്കാത്തതിനാൽ അവ പുറം ലോകം അറിയാറുമില്ല. അത്തരത്തിൽ ആരാലും അറിയപ്പെടാതിരുന്ന അനന്തപത്മനാഭൻ എന്ന പാട്ടുകാരനാണ് ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ ഒരു പാട്ട് പാടിയതോടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.
എന്താണ് സംഭവം എന്നല്ലേ? കഴിഞ്ഞ ദിവസം ‘ഐ ആം അനന്തപത്മനാഭൻ, ഫ്രം ചിന്നപ്പാറക്കുടി. എനിക്ക് എസ്.ഐ സാറിൻ്റെ മുന്നിൽ ഒരു പാട്ട് പാടണം’ എന്ന ആഗ്രഹം പ്രകടിപ്പിച്ച് അടിമാലി ചിന്നപ്പാറ ആദിവാസി കുടിയിൽനിന്നുള്ള അനന്തപത്മനാഭൻ എന്നയാൾ അടിമാലി സ്റ്റേഷനിലെത്തി. അപൂർവ്വമായ ആഗ്രഹം കേട്ട് അമ്പരന്ന പൊലീസ് ഉദ്യോഗസ്ഥർ ഗായകനെ എസ്.ഐക്ക് മുന്നിലെത്തിച്ചു. ഒരു പാട്ട് പാടിയാൽ പൊയ്ക്കൊള്ളുമോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ അനന്തപത്മനാഭൻ സമ്മതിക്കുകയും ചെയ്തു.
ഒട്ടും വൈകാതെ ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി‘ എന്ന ഗാനം അനന്തപത്മനാഭൻ പാടാൻ തുടങ്ങി. ഇത് കേട്ട് അതിശയപ്പെട്ടുപോയ എസ്ഐ സിജു ജേക്കബ് ഉടൻ തന്റെ ഫോണിൽ ഇത് റെക്കോർഡ് ചെയ്യുകയും ചെയ്തു. പാട്ട് നിർത്തിയതും ഇതിന്റെ വീഡിയോ അനന്തപത്മനാഭന് എസ്ഐ കാണിച്ചുകൊടുത്തു. ഇതുകണ്ട സന്തോഷത്തിൽ എസ്ഐക്ക് ഒരു സല്യൂട്ടും നൽകിയാണ് അനന്തപത്മനാഭൻ സ്റ്റേഷൻ വിട്ടത്.
വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് അധികം വൈകാതെ സംഭവം വൈറലാകുകയും ചെയ്തു. അതിമനോഹരമായാണ് ഗാനം അദ്ദേഹം പാടിയിരിക്കുന്നത്. ഒരു കലാകാരനെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ കഴിവ് ലോകത്തിന് മുന്നിൽ തുറന്നുകാണിക്കാൻ തയ്യാറുമായ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.