യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഇതിനേത്തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അധികൃതർ ഇന്നും രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് രൂക്ഷമായതിനാൽ വാഹനയാത്രക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
റോഡിലെ ദൃശ്യപരത കുറവായതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അബുദാബി പൊലീസും നിർദേശിച്ചു. അതോടൊപ്പം ഡ്രൈവർമാർ വാഹനത്തിൽ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. കനത്ത മൂടൽമഞ്ഞിനേത്തുടർന്ന് ശനിയാഴ്ചയും രാജ്യത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്ന് ഉച്ചയോടെ രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇന്ന് രാജ്യത്ത് താപനില ഉയരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഗാസ്യുറ, അൽ ക്വാവ, റെസീൻ എന്നിവിടങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ ഇന്ന് താപനില 46 ഡിഗ്രി സെൽഷ്യസും ദുബായിൽ 45 ഡിഗ്രി സെൽഷ്യസും വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.