യുഎഇയിൽ ഇന്ന് പുലർച്ചെയോടെ മൂടൽമഞ്ഞ് രൂക്ഷമായിരിക്കുകയാണ്. ഇതേത്തുടർന്ന് രാജ്യത്ത് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) റെഡ് അലർട്ട് പ്രഖ്യാപിച്ചു. മോശം കാലാവസ്ഥയേത്തുടർന്ന് ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ നേരിയ വർധനവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തുന്നത്. മൂടൽമഞ്ഞിനേത്തുടർന്ന് ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ അപകടങ്ങൾ കുറയ്ക്കുന്നതിനായി പല സ്ഥലങ്ങളിലെയും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപിരിധിയിൽ അധികൃതർ മാറ്റംവരുത്തിയിട്ടുണ്ട്. യാത്രക്കാർ വേഗപരിധിയും ട്രാഫിക് നിർദേശങ്ങളും പാലിച്ച് വാഹനമോടിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു.
ഇന്ന് അബുദാബിയിൽ 37 ഡിഗ്രി സെൽഷ്യസും ദുബായിൽ 35 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് രാത്രിയിലും നാളെ രാവിലെയും ഈർപ്പമുള്ളതായിരിക്കും. ഈ കാലയളവിൽ രാജ്യത്ത് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.