യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ ശക്തമായ മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇതിനേത്തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് രൂക്ഷമായതിനാൽ വാഹനയാത്രക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
മഞ്ഞിനേത്തുടർന്ന് റോഡുകളിൽ ദൃശ്യപരത കുറവായതിനാൽ ഡ്രൈവർമാർ വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്നും ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. പുലർച്ചെ അബുദാബി പോലീസ് ശക്തമായ മൂടൽമഞ്ഞിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി സൈറൺ അലാറം പുറപ്പെടുവിച്ചിരുന്നു. അതോടൊപ്പം ഡൈനാമിക് സ്പീഡ് കൺട്രോൾ സിസ്റ്റം നടപ്പിലാക്കുകയും ചില റോഡുകളിൽ വേഗതപരിധി 80 കി.മീ ആയി കുറയ്ക്കുകയും ചെയ്തു.
ഒമാൻ കടലിൽ ഇന്നുണ്ടായ ചെറിയ ഭൂചലനത്തേത്തുടർന്ന് യുഎഇ നിവാസികൾക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുലർച്ചെ 12.12ന് റാസൽഖൈമ തീരത്ത് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർന്ന് 1.53ന് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. 10 കിലോമീറ്റർ ആഴത്തിലാണ് രണ്ട് ഭൂചലനങ്ങളും ഉണ്ടായത്.