യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. അതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അധികൃതർ ഇന്നും രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് മുടൽമഞ്ഞ് ശക്തമായിരുന്നതിനേത്തുടർന്ന് കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
മൂടൽമഞ്ഞ് രൂക്ഷമായതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. റോഡിലെ ദൃശ്യപരത കുറവായതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അബുദാബി പൊലീസ് നിർദേശിച്ചു. അതോടൊപ്പം ഡ്രൈവർമാർ വാഹനത്തിൽ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കണമെന്നും അറിയിപ്പുണ്ട്. അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇന്ന് രാജ്യത്ത് താപനില ഉയരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആന്തരിക പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ ഇന്ന് താപനില 48 ഡിഗ്രി സെൽഷ്യസും ദുബായിൽ 47 ഡിഗ്രി സെൽഷ്യസും വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.