യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. അതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അധികൃതർ രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് കുറഞ്ഞ ചില മേഖലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
മൂടൽമഞ്ഞിനേത്തുടർന്ന് ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗപരിധി കർശനമായി പാലിക്കണമെന്നാണ് ഡ്രൈവർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
ദുബായ് അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട്, എക്‌സ്‌പോ, ജബൽ അലി, അൽ മിൻഹാദ് എന്നിവയ്‌ക്ക് സമീപമുള്ള പ്രദേശങ്ങളിലും അബുദാബിയിൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ റോഡിലും അൽ മിർഫ മുതൽ അൽ റുവൈസ് വരെയും ഹബ്ഷാൻ, മദീനത് സായിദ്, രമ (അൽ ദഫ്ര മേഖല), അൽ ഖസ്ന, സ്വീഹാൻ (അൽ ഐൻ) എന്നിവിടങ്ങളിലും രാവിലെ മുതൽ മൂടൽമഞ്ഞ് ശക്തമായിരുന്നു.
കൂടാതെ, സെയ്ഹ് സുദൈറ റോഡിൽ ഘാന്ടൗട്ടിലേക്കുള്ള അൽ ഖാതിമിലെയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെയും ഉമ്മുൽ ഖുവൈനിൽ നിന്ന് റാസൽ ഖൈമ വരെയുള്ള ഭാഗങ്ങളിലും മൂടൽമഞ്ഞ് നിറഞ്ഞിരുന്നു. അബുദാബിയിലെ നിരവധി പ്രധാന റോഡുകളിൽ വേഗതപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. അബുദാബിയിൽ ഇന്ന് താപനില 42 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.