വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. രാഹുൽ ഗാന്ധിക്ക് എം.പി. സ്ഥാനം നഷ്ടമായതോടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. കോഴിക്കോട് കലക്ടറേറ്റിൽ ഇതിന്റെ ഭാഗമായി വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിനായി കലക്ടറേറ്റിൽ എത്താൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോടും ഔദ്യോഗിക വൃത്തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ല തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ഡെപ്യൂട്ടി കലക്ടറാണ് നിർദ്ദേശം നൽകിയത്. എന്നാൽ ഉപതിരഞ്ഞെടുപ്പ് എപ്പോഴാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഇ.വി.എം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള മോക്ക് പോൾ ഇന്ന് മുതൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ ആശ്വാസ കേന്ദ്രം ഗോഡൗണിൽ ആരംഭിക്കും. ഈ സമയത്തും മോക്ക് പോൾ പൂർത്തിയാകുന്നത് വരെയും ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യം ഉണ്ടാകണമെന്നാണ് ഡെപ്യൂട്ടി കലക്ടർ നോട്ടിസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടും അയോഗ്യത തുടരുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പഴ്സനൽ സ്റ്റാഫിനെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. ഇതിനു പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. 2019ൽ ടി. സിദ്ദിഖിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. പിന്നീടാണ് വയനാട്ടിലേക്ക് രാഹുൽ ഗാന്ധി എത്തുന്നത്. സിദ്ദിഖിപ്പോൾ വയനാട് ലോക്സഭാ മണ്ഡലത്തിലെ കൽപറ്റയിൽ നിന്നുളള നിയമസഭാംഗമാണ്.