കേരളവർമ കോളജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം റീകൗണ്ടിങ് ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ ഒൻപത് മണിയ്ക്ക് പ്രിൻസിപ്പലിന്റെ ചേംബറിലാണ് റീകൗണ്ടിങ് നടക്കുക. വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.
തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചതിനെ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഇന്നലെ ഉത്തരവിറക്കിയിരുന്നു. വോട്ടുകൾ റീകൗണ്ട് ചെയ്യാനും കോടതി ഉത്തരവിട്ടു. വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെ.എസ്.യു സ്ഥാനാർഥിയായ എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ചെയർമാൻ സ്ഥാനത്തേക്ക് ഒരു വോട്ടിന് വിജയിച്ചിട്ടും കോളജ് അധികൃതർ റീകൗണ്ടിങ് നടത്തി എസ്.എഫ്.ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധിനെ 10 വോട്ടിന് വിജയിയായി പ്രഖ്യാപിച്ചു എന്നാണ് ശ്രീക്കുട്ടന്റെ പരാതി. റീകൗണ്ടിങ് നടത്തിയത് അർധരാത്രിയായിരുന്നു . അതിനിടെ രണ്ടുതവണ വൈദ്യുതി മുടങ്ങുകയും ചെയ്തു. ഇതിനിടെ ബാലറ്റ് പേപ്പർ കേടുവരുത്തിയതിന് പുറമെ ആദ്യം എണ്ണിയപ്പോൾ അസാധുവായി പ്രഖ്യാപിച്ച വോട്ടുകൾ സാധുവായി മാറുകയും ചെയ്തു എന്നും ഹർജിക്കാരൻ ആരോപിച്ചു.
അതേസമയം ആദ്യം അസാധുവായ വോട്ടുകൾ റീകൗണ്ടിങ്ങിൽ സാധുവായത് എങ്ങനെയെന്ന് ഹൈക്കോടതിയും ചോദിച്ചു. റീകൗണ്ടിങ് റിട്ടേണിങ് ഓഫിസർക്ക് തന്നെ തീരുമാനിക്കാം എന്നിരിക്കെ കോർ കമ്മിറ്റിയുണ്ടാക്കിയത് എന്തിനെന്നും ജസ്റ്റിസ് ടി.ആർ. രവി ചോദിച്ചു. എന്നാൽ വീണ്ടും എണ്ണിയത് കോളജ് മാനേജറായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിർദേശ പ്രകാരമാണെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. ഇത്തരം ബാഹ്യ ഇടപെടൽ അനുവദനീയമല്ലെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. മാത്യു കുഴൽനാടൻ വിശദീകരിച്ചു. കോർ കമ്മിറ്റി അംഗങ്ങളല്ലാത്ത പ്രിൻസിപ്പലിനും മറ്റൊരാൾക്കും എങ്ങനെയാണ് കമ്മിറ്റി തീരുമാനത്തിൽ ഒപ്പിടാനാവുക എന്നും കോടതി ആരാഞ്ഞു.