പൂജയ്ക്കെടുക്കാത്ത പൂക്കളുടെ കൂട്ടത്തിൽ ഇനി അരളിയും. വിദേശത്തേക്ക് ജോലി കിട്ടി പോകാനിരുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയുടെ മരണമാണ് അരളിയുടെ വിശ്വരൂപം പുറത്ത് കൊണ്ടുവന്നത്. ഫോൺ സംസാരത്തിനിടയിൽ അരളിപ്പൂവും ഇലയും കഴിച്ചതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് സ്ഥിരീകരിച്ചതോടെ അരളിയെ ഭീതിയോടെയാണ് എല്ലാവരും നോക്കുന്നത്. മനോഹരമായ പുഷ്പത്തിന് മരണം നൽകാൻ മാത്രം വിഷാശമോ? ഞെട്ടൽ വീട്ടുമാറാതെ പൂ പൂജയ്‌ക്കെടുക്കുന്ന അമ്പലങ്ങളും പ്രസാദം ഏറ്റുവാങ്ങുന്ന ഭക്തരും.
വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അരളിപ്പൂവിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ് അരളിപ്പൂ പൂർണ്ണമായി ഒഴിവാക്കിയത്. അർച്ചന, നിവേദ്യം, പ്രസാദം എന്നിവയിൽ ഉപയോഗിക്കുന്നതിൽ നിന്നാണ് അരളി ഒഴിവാക്കിയത്. പൂജയ്ക്ക് ഇനി തെച്ചിയും തുളസിയും മാത്രം. നാളെ മുതൽ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂവുണ്ടാവില്ല. വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക.
മലബാർ ദേവസ്വം ബോർഡും സമാനമായ തീരുമാനം കൈകൊണ്ടിരിക്കുകയാണ്.. അർച്ചന, നിവേദ്യം എന്നിവയിൽ അരളിപ്പൂവിന് ഇനി സ്ഥാനമില്ല. നിവേദ്യ സമർപ്പണത്തിനു ഭക്തർ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണ് ഇനി മുതൽ നൽകേണ്ടത്. ഭക്തരുടെയും സമൂഹത്തിന്റെയും ആശങ്ക പരിഗണിച്ചാണു തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. അരളിപ്പൂവു നിരോധിച്ച് നാളെ ഉത്തരവിറക്കണമെന്ന നിർദേശം നൽകിയതായി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളിയും പറഞ്ഞു. സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നേരത്തേതന്നെ ഒഴിവാക്കിയിരുന്നു. ഓണമാണ് വരാൻ പോകുന്നത്. പൂക്കളങ്ങളിൽ നിന്നും അരളിയെ മാറ്റി നിർത്തുമോ എന്ന് കണ്ടറിയാം.