വിശ്വാസ്യതയെ തന്റെ ബ്രാൻഡ് ആക്കി മുറുകെപ്പിടിച്ച വ്യവസായിയാണ് രത്തൻ ടാറ്റ. ടാറ്റാ ഗ്രൂപ്പിനെ ആഗോള ബ്രാൻഡാക്കി മാറ്റി ടാറ്റാ ഗ്രൂപ്പിനെ വളർത്തിയെടുത്തതിന് പിന്നിൽ രത്തൻ ടാറ്റയുടെ ദീർഘവീക്ഷണമായിരുന്നു. സാധാരണക്കാരൻ്റെ ഹൃദയംതൊട്ട പ്രതിഭാശാലിയായ വ്യവസായിയെ ആണ് രാജ്യത്തിന് നഷ്ടമായത്.
1937 ഡിസംബർ 28ന് ബോംബെയിലാണ് രത്തൻ ജനിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ ജംഷഡ്‌ജിയുടെ മകൻ രത്തൻജി ദത്തെടുത്ത നെവൽ ടാറ്റയുടെ മകനാണ് രത്തൻ ടാറ്റ. 24-മത്തെ വയസിൽ ടാറ്റാ സ്റ്റീൽ കടയിൽ ജോലിക്കാരനായിട്ടാണ് ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. അങ്ങനെ 1970 ആയപ്പോൾ മാനേജർ കസേരയിലെത്തിയ രത്തൻ ടാറ്റ 1991ൽ ചെയർമാൻ പദവി ഏറ്റെടുത്തു.
തുടർന്ന് ജാഗ്വർ ഉൾപ്പെടെയുള്ള കാർ വിദേശ കമ്പനികളെ ടാറ്റാ ഏറ്റെടുത്തു. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തി പുതിയ തലച്ചോറുകളെ കണ്ടെത്തുകയും വളർത്തിയെടുക്കുകയും ചെയ്‌ത അദ്ദേഹം ദീർഘവീക്ഷണത്തോടെയായിരുന്നു ഒരോ പടികളും കടന്നത്. സാധാരണക്കാരന് കുറഞ്ഞ വിലയ്ക്ക് ഒരു കാർ സ്വന്തമാക്കുകയെന്ന സ്വപ്നം അദ്ദേഹം യാഥാർത്ഥ്യമാക്കി.
രാജ്യത്തെ വാഹന വിപണിയിലെ വിപ്ലവമായിരുന്നു നാനോ എന്ന കുഞ്ഞൻ കാർ. ഒരിക്കൽ മുംബൈ നഗരത്തിൻ്റെ വീഥികളിൽ അച്ഛനും അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം കനത്ത മഴയിൽ ചെറിയ സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നത് കണ്ട രത്തൻ ടാറ്റ സാധാരണക്കാർക്കായി കുറഞ്ഞ വിലയ്ക്ക് ഒരു കാർ നിർമ്മിക്കണമെന്ന് ചിന്തിക്കുകയും നാനോ എന്ന കുഞ്ഞൻ കാറിലേയ്ക്ക് എത്തുകയുമായിരുന്നു. അങ്ങനെ അഞ്ച് വർഷത്തിനുള്ളിൽ 2008-ൽ സാധാരണക്കാരന്റെ കാറായി ടാറ്റാ നാനോ അവതരിപ്പിച്ചു.