വ്യാജ സമ്മാന അറിയിപ്പ് നൽകി വരുന്ന ഫോൺ വിളികളോട് പ്രതികരിക്കരുതെന്ന് റാസൽഖൈമ പോലീസ്. സമ്മാനം ലഭിച്ചെന്ന രീതിയിൽ ഫോൺ ചെയ്തും മെസേജ് അയച്ചും പണം തട്ടിയെടുക്കുന്ന സംഘം നിരവധിയുണ്ടെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ഓൺലൈൻ തട്ടിപ്പുകൾക്കെതിരായ കാമ്പയിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് റാസൽഖൈമ പോലീസ് വ്യാജ സമ്മാനങ്ങളുടെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. അപരിചിതരുടെ സന്ദേശങ്ങളും അവർ അയക്കുന്ന ലിങ്കുകളും അവഗണിക്കുകയാണ് ഇത്തരം തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയെന്ന് റാസൽഖൈമ പൊലീസ് മീഡിയ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ആക്ടിങ് ഡയറക്ടർ കേണൽ ഹമദ് അബ്ദുല്ല അൽ അവാദി പറഞ്ഞു.
പ്രമുഖ സ്ഥാപനങ്ങളുടെ പേരുകൾ ഉപയോഗിച്ചാണ് തട്ടിപ്പുസംഘം വ്യാജ സമ്മാന കൂപ്പണുകളും മറ്റും ഓൺലൈനായി വിതരണം ചെയ്യുന്നതും പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതും. ഇത്തരക്കാർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംശയകമായ ഫോൺവിളികൾ ലഭിക്കുകയോ മറ്റ് സംഭവങ്ങൾ ശ്രദ്ധയിൽപെടുകയോ ചെയ്താൽ 901 നമ്പറിൽ അധികൃതരുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.