ടൂറിസം രംഗത്ത് സുസ്ഥിരവളര്ച്ച കൈവരിച്ച് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി റാസൽഖൈമ. കഴിഞ്ഞ വർഷം 1.22 ദശലക്ഷം സന്ദർശകരാണ് റാസൽഖൈമ സന്ദർശിക്കാനെത്തിയത്. ലോക സന്ദർശകരുടെ എണ്ണത്തിൽ 24 ശതമാനം വർധനവ് രേഖപ്പെടുത്തിയ റാസൽഖൈമ ടൂറിസം രംഗത്ത് സുസ്ഥിര വളർച്ച കൈവരിച്ചതായി റാക് ടൂറിസം ഡെവലപ്പ്മെൻ്റ് അതോറിറ്റി (റാക് ടി.ഡി.എ) വ്യക്തമാക്കി.
റോഡ് ഷോകൾ, വ്യാപാര മേളകൾ, മീഡിയ ഈവന്റുകൾ തുടങ്ങിയ തന്ത്രപരമായ സംരംഭങ്ങളാണ് റാസൽഖൈമയിലേയ്ക്ക് സന്ദർശകരെ ആകർഷിക്കുന്നതിൽ നിർണായകമായത്. ബിസിനസ്-സാമൂഹിക ഈവൻ്റുകളുടെ ഹബ് എന്ന നിലയിലും റാസൽഖൈമ ആകർഷണ കേന്ദ്രമായി മാറിയിട്ടുണ്ട്. 23 ശതമാനം വളർച്ചയാണ് ഈ രംഗത്ത് കൈവരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിവാഹങ്ങൾ നടത്തുന്നത് വഴിയുള്ള വരുമാനത്തിൽ 103 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.
റാക് അന്താരാഷ്ട്ര വിമാനത്താവളം കൂടുതൽ സജീവമായതോടെ ലോക സഞ്ചാരികൾക്ക് റാസൽഖൈമയിലെത്തുക എന്നത് കൂടുതൽ സൗകര്യപ്രദമായതായും റാക് ടി.ഡി.എ വ്യക്തമാക്കി. ഖത്തർ എയർവെയ്‌സ്, ഇൻഡിഗോ തുടങ്ങിയ എയർലൈനുകൾ നേരിട്ടുള്ള ഫ്ലൈറ്റുകൾ അവതരിപ്പിച്ചതോടെ അന്താരാഷ്ട്ര സർവ്വീസ് ഗണ്യമായി വർധിക്കുകയും ചെയ്തു. സി.എൻ.എൻ ട്രാവൽ, കോണ്ടെ ട്രാവലർ, ഫോബ്‌സ് തുടങ്ങിയ പ്രശസ്ത പ്രസിദ്ധീകരണങ്ങളിൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളുടെ പട്ടികയിൽ റാസൽഖൈമയും ഇടംനേടിയിരുന്നു. രണ്ട് ലോക റെക്കോർഡുകൾ സ്ഥാപിച്ച് പുതുവർഷത്തെ വരവേറ്റ റാസൽഖൈമ ടൂറിസ രംഗത്ത് വരുംവർഷങ്ങളിലും ആധിപത്യം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.