80 വർഷത്തിന് ശേഷം നടക്കുന്ന ആകാശത്തെ ആപൂർവ്വ പ്രതിഭാസമായ നക്ഷത്ര സ്ഫോടനം ഈ വർഷം ദൃശ്യമാകും. ഇന്ന് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ എപ്പോൾ വേണമെങ്കിലും നക്ഷത്ര സ്ഫോടനം സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകമായി ഒരു ദിവസം കണക്കാക്കാൻ സാധിക്കില്ലെന്ന് നിരീക്ഷകർ വ്യക്തമാക്കി.
നാസയുടെ കണക്കനുസരിച്ച് പൊട്ടിത്തെറിക്കുമെന്ന് പ്രതീക്ഷിക്കുന്ന നക്ഷത്രത്തെ ‘ടി കൊറോണ ബോറിയലിസ്‘ എന്നാണ് വിളിക്കുന്നത്. ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ സെൻ്ററിന്റെ (ഐഎസി) റിപ്പോർട്ട് അനുസരിച്ച് എഡി 1217 മുതൽ സ്ഫോടനം രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധമായത് 1866 എഡിയിലും 1946 എഡിയിലും നടന്ന നക്ഷത്ര സ്ഫോടനമാണ്.
നക്ഷത്രം ഇപ്പോൾ 10 തീവ്രതയിലാണ് തിളങ്ങുന്നത്. ഒരു ചെറിയ ദൂരദർശിനി ഉപയോഗിച്ച് മാത്രമേ ഇപ്പോൾ ഇത് കാണാൻ സാധിക്കുകയുള്ളു. എന്നാൽ സ്ഫോടന സമയത്ത് നക്ഷത്രം വളരെ തിളക്കത്തോടെ ശോഭിക്കുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ തിളക്കം വർധിക്കുകയും ചെയ്യും. ഈ പ്രതിഭാസം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.
എങ്ങനെയാണ് നക്ഷത്ര സ്ഫോടനം കാണാൻ സാധിക്കുകയെന്ന് നോക്കാം. രാത്രി 9 മണിക്ക് ശേഷം ആകാശത്തിൻ്റെ തെക്ക് ഭാഗത്തേയ്ക്ക് നോക്കുമ്പോൾ വളരെ തിളക്കമുള്ള ഓറഞ്ച് നക്ഷത്രത്തെ കാണാൻ സാധിക്കും. അതിനടുത്തായി ആർക്ക് (കമാനം) ആകൃതിയിലുള്ള ഒരു നക്ഷത്രസമൂഹം കാണാൻ കഴിയും. കമാന ആകൃതിയും അതിന് ചുറ്റുമുള്ള നക്ഷത്രങ്ങളും സൂക്ഷ്മതയോടെ ശ്രദ്ധിക്കണം. നക്ഷത്ര സ്ഫോടനം നടക്കുന്ന സമയത്ത് നക്ഷത്രം കമാനത്തോട് ചേർന്ന് ദൃശ്യമാകുകയും ചെയ്യും.