ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും ഈനാട് ഗ്രൂപ്പ് ഉടമയും നിർമ്മാതാവുമായ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് ബുധനാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം.
1983-ൽ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസിൻ്റെ സ്ഥാപകൻ കൂടിയാണ് റാമോജി റാവു. ഹിന്ദി, മലയാളം, തെലുങ്കു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏകദേശം 80ഓളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നാല് ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ നൽകിയ സംഭാവനകൾക്ക് 2016-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലാണ് റാവു ജനിച്ചത്. മാർഗദർസി ചിറ്റ് ഫണ്ട്, രാമദേവി പബ്ലിക് സ്‌കൂൾ, പ്രിയ ഫുഡ്‌സ് എന്നീ സ്ഥാപനങ്ങളുടെയും സ്ഥാപകനാണ് ഇദ്ദേഹം. ആന്ധ്രാപ്രദേശിലെ ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ ചെയർമാൻ കൂടിയാണ്.