രാജീവ് ഗാന്ധിയെ അനുസ്മരിച്ചുകൊണ്ടുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ. ഇനി മുന്നോട്ടുള്ള പ്രയാണത്തില്‍ രാജീവ് ഗാന്ധിയാണ് വഴി വിളക്ക്. കാന്തിക പ്രഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത് എന്നുമാണ് ചെന്നിത്തലയുടെ വാക്കുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു പോസ്റ്റ്.
ഓര്‍മ്മകളില്‍ മധ്യാഹ്ന സൂര്യനെ പോലെ ജ്വലിച്ചു നില്‍ക്കുകയാണ് രാജീവ് ജി. അദ്ദേഹത്തിന്റെ നിഴലിലും തണലിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ ഭാഗ്യമായി കരുതുന്നു. ഇന്ത്യയുടെ തെക്കേയറ്റത്തു നിന്നെത്തിയ എന്നെ പോലൊരു സാധാരണ ചെറുപ്പക്കാരനെ ലോകത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് അദ്ദേഹമായിരുന്നു എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗം ആക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല. 19 വര്‍ഷം മുമ്പ് വഹിച്ച പദവിയാണ് ചെന്നിത്തലക്ക് വീണ്ടും നല്‍കിയിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ ചെന്നിത്തലയും ഇടം പിടിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പട്ടിക പുറത്തു വന്നപ്പോള്‍ സ്ഥിരം ക്ഷണിതാവ് മാത്രമായി കേരളത്തിലെ മുതിര്‍ന്ന നേതാവ് മാറി.
ചെന്നിത്തലക്കൊപ്പവും അദ്ദേഹത്തിന് കീഴിലോ പ്രവര്‍ത്തിച്ചിരുന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗങ്ങള്‍ ആയപ്പോഴാണ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവ് മാത്രമാക്കി മാറ്റിയിരിക്കുന്നത്. ഇത് അപമാനിക്കുന്നതിന് തുല്യമായ നടപടിയാണെന്ന വികാരമാണ് ചെന്നിത്തലക്ക് ഒപ്പമുള്ളവര്‍ക്കുള്ളത്. അതേസമയം കേന്ദ്ര നേതൃത്വത്തിന്റെ നടപടിയില്‍ നീരസമുള്ള രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച ചോദ്യങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.