റമദാൻ നോമ്പ് ആരംഭിച്ചതിന് ശേഷ് കുടിവെളളത്തിൻ്റെ വിൽപ്പനയിൽ 400 ശതമാനം വരെ വർദ്ധനവുണ്ടായതായി യുഎഇയിലെ കുടിവെളള കമ്പനികൾ പറയുന്നു. സമൂഹ നോമ്പുതുറകളിലും ഇഫ്താർ കിറ്റുകളിലും കുടിവെള്ളം ആവശ്യ ഘടകമായതോടെയാണ് വർദ്ധനവ്. സാധാരണ കുപ്പിവെള്ളത്തിന് പുറമെ ശീതള പാനീയങ്ങളുടേയും ജ്യൂസുകളുടേയും വിൽപ്പന വർദ്ധിച്ചിട്ടുണ്ട്.
സ്വകാര്യ കമ്പനികളുടെ ഇഫ്താർ സംഗമങ്ങൾക്ക് പുറമെ സർക്കാർ വകുപ്പുകളും സർക്കാരിൻ്റെ ഭാഗമായ സന്നദ്ധ സംഘടനകളും ടൺ കണക്കിനാണ് കുടിവെള്ളവും ശീതളപാനീയങ്ങളും ദിവസേന വാങ്ങുന്നത്. സ്വദേശികളുടെ റമസാൻ മജ്‌ലിസുകളിലേക്കും തമ്പുകളിലേക്കും വൻതോതിലാണ് കുടിവെള്ളമെത്തുന്നത്. നോമ്പുതുറയ്ക്ക് വ്യക്തിപരമായി കുപ്പിവെള്ളം വാങ്ങുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്.
റമദാൻ കാലത്ത് സാമൂഹിക സേവന പദ്ധതികൾ ഇരട്ടിയായതും വിൽപനയുടെ ആക്കം കൂട്ടി. ആരാധനാലയങ്ങളിലും കുടിവെള്ള വിതരണം ഇരട്ടിയായി. വെളളത്തിൻ്റെ ഉയർന്ന ഡിമാൻ്റ് കണക്കിലെടുത്ത് കൂടുതൽ ഉൽപ്പാദനം നടത്തുകയാണ് വെള്ളക്കമ്പനികൾ. ആവശ്യക്കാരുടെ താത്പര്യം അനുസരിച്ച് 100 മില്ലിലിറ്റർ മുതൽ 25 ലിറ്റർ പായ്കറ്റുകൾ വരെ ലഭ്യമാണ്. അതേസമയം റമദാൻ അവസാന പത്തിലേക്ക് കടക്കുമ്പോൾ കുടിവെള്ളത്തിന് വീണ്ടും ആവശ്യക്കാരേറുമെന്ന് കമ്പനികൾ പറയുന്നു.