ചെറിയ പെരുന്നാൾ തിയതിയിൽ മാറ്റം വരുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ അസോസിയേഷൻ അറിയിച്ചു. 2024 ഏപ്രിൽ 8 ന് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ റമദാനിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ശവ്വാലിലെ ചന്ദ്രക്കല ദർശിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. അതുകൊണ്ട് ഈദ് അൽ ഫിത്തറിൻ്റെ (ചെറിയ പെരുന്നാൾ ) ആദ്യ ദിവസം ഏപ്രിൽ 10 ബുധനാഴ്ച വരാൻ സാധ്യതയുണ്ടെന്നാണ് എമിറേറ്റ്സ് അസ്ട്രോണമിക്കൽ അസോസിയേഷൻ അറിയിച്ചത്.
സൂര്യൻ അസ്തമിച്ചതിന് ശേഷം ശവ്വാൽ ചന്ദ്രക്കല കാണുന്നതിന് തടസം സൃഷ്ടിക്കുന്ന സൂര്യഗ്രഹണം ഏപ്രിൽ 8 നാണ് നടക്കുക. അതിനാൽ വിശുദ്ധ റമദാൻ മാസത്തിൻ്റെ അവസാന ദിവസം അടയാളപ്പെടുത്തുന്ന ഏപ്രിൽ 9 ന് സൂര്യാസ്തമയത്തിന് ശേഷം ശവ്വാൽ ചന്ദ്രക്കല ദൃശ്യമായേക്കുമെന്നും എമിറേറ്റ്സ് അസ്ട്രോണമിക്കൽ അസോസിയേഷൻ്റെ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ കൂട്ടിച്ചേർത്തു. ഇസ്ലാമിക മാസങ്ങൾ ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് 29 അല്ലെങ്കിൽ 30 ദിവസമായിരിക്കും ഉണ്ടാവുക.