അയോധ്യാ സംഭവങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാർശയുമായി എന്‍സിഇആര്‍ടി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. അയോധ്യ ആധുനിക ചരിത്രത്തിന്റെ ഭാഗമാക്കണമെന്നാണ് ശുപാര്‍ശയിൽ പറയുന്നത്. ക്ലാസിക്കല്‍ ചരിത്രത്തില്‍ രാമായണവും ഭാഗവതവും വേദങ്ങളും ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം അയോധ്യാ സംഭവങ്ങള്‍ക്ക് പുറമേ ശ്രീരാമന്റെ കഥകളും ക്ലാസിക്കല്‍ ചരിത്ര പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് വിദഗ്ധ സമിതി പദ്ധതിയിടുന്നത്. വേദങ്ങള്‍, വേദകാലഘട്ടം, രാമായണത്തിന്റെ ഭാഗങ്ങള്‍, രാമന്റെ വനവാസയാത്ര തുടങ്ങിയവയാണ് ക്ലാസിക്കല്‍ ചരിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാൻ സമിതി നീക്കം നടത്തുന്നത്. സാമൂഹിക ശാസ്ത്ര പാഠങ്ങളിലെ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍.
മാത്രമല്ല, ഭരണഘടനയുടെ ആമുഖം ക്ലാസ്മുറികളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിഷ്‌കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് ഏഴംഗ കമ്മിറ്റി രൂപീകരിച്ചത്. 3 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ പൗരാണിക ചരിത്രത്തിന് പകരം ക്ലാസിക്കല്‍ ഹിസ്റ്ററി ഉള്‍പ്പെടുത്തുക, പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ‘ഭാരത്’ എന്നാക്കുക തുടങ്ങിയ പരിഷ്കരണങ്ങൾ സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. കൂടാതെ 7 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രധാനപ്പെട്ട വിഷയമാണ് എന്നും കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി ഐ ഐസക് വ്യക്തമാക്കി.