റമാദാനെ വരവേൽക്കാനൊരുങ്ങി കുവൈത്തും. ഈ മാസം 23ന് രാജ്യത്ത് റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പള്ളികളിൽ വെള്ളിയാഴ്ച ഖുതുബയിൽ റമദാനുവേണ്ടി ഒരുങ്ങാൻ ഖത്തീബുമാർ ആഹ്വാനം ചെയ്തു.
രാജ്യത്തെ സർക്കാർ ഓഫിസുകളിൽ റമദാനിൽ ജോലിസമയം നാലര മണിക്കൂറാക്കി നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലും ജോലിസമയങ്ങളിൽ ഇളവ് നടപ്പാക്കും. കനത്ത ചൂടും തണുപ്പും ഇല്ലാത്ത മിതമായ കാലാവസ്ഥയിലാണ് ഇത്തവണ രാജ്യത്ത് റമദാൻ കാലത്ത് അനുഭവപ്പെടുന്നത്.
റമദാനിൽ രാജ്യത്തിനകത്ത് പ്രതിദിനം 7,000 പേർക്ക് നോമ്പു് തുറക്കാനുള്ള വിഭവങ്ങൾ നൽകുമെന്ന് കുവൈത്ത് സകാത്ത് ഹൗസ് ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. മജീദ് അൽ അസ്മി പറഞ്ഞു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും മസ്ജിദുകൾ, ഹാളുകൾ, മൊബൈൽ കാറുകൾ എന്നിവ വഴിയാകും പദ്ധതി നടപ്പാക്കുക. വിവിധ ചാരിറ്റി സംഘടനകളുടെ മേൽനോട്ടത്തിലും സ്പോൺസർഷിപ്പിലും ഏഷ്യ, ആഫ്രിക്ക, യൂറോപ് എന്നിവിടങ്ങളിലെ 14 രാജ്യങ്ങളിലും പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസികൾക്ക് പുറമെ മലയാളി സംഘടനകളും റമദാനെ സ്വാഗതം ചെയ്യുന്ന വിവിധ പരിപാടികക്ക് തുടക്കമിട്ടുകഴിഞ്ഞു. റമദാൻ ആരംഭിക്കുന്നതിനുമുമ്പ് വാർഷിക പരിപാടികളും മറ്റും തീർക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി സംഘടനകൾ.