യുഎഇയിൽ ഓഗസ്റ്റ് 23 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കി. രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കിഴക്ക്, തെക്ക് മേഖലകളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.
മഴയോടൊപ്പം 40 കിലോമീറ്റർ വേഗതയിൽ മണൽകാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാൽ ദൃശ്യപരത കുറയുന്നതുകൊണ്ട് വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഇന്ന് രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ 26 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 27 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയും. കഴിഞ്ഞ നാല് ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും അതോടൊപ്പം പൊടിക്കാറ്റ് വീശുകയും ചെയ്തിരുന്നു.