സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബർ 27 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അധികൃതർ മുന്നറിയിപ്പ് നൽകി. അറിയിപ്പ് പ്രകാരം ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴ, ആലിപ്പഴം പൊഴിയൽ, കാറ്റ്, പൊടിക്കാറ്റ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം അസീർ, ജസാൻ, അൽ ബാഹ, നജ്റാൻ എന്നിവിടങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിക്കും.
പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്നും വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതോടൊപ്പം മഴയുമായി ബന്ധപ്പെട്ട് സൗദി സിവിൽ ഡിഫൻസ് അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.