കഴിഞ്ഞ ദിവസം യുഎഇയിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ഏഴു പ്രവാസികള്‍ മരിച്ചു. വടക്കന്‍ എമിറേറ്റുകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യന്‍ വംശജരാണ് മരിച്ചതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു.
അതേസമയം പ്രളയ ദുരിതമേഖലകളില്‍ കൂടുതല്‍ പരിശോധനകൾ തുടരുകയാണ്. റാസല്‍ഖൈമ, ഫുജൈറ, ഷാര്‍ജ എന്നിവിടങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പർവതമേഖലകളലിും വാദികളിലും ആളുകൾ അകപ്പെട്ടിട്ടുണ്ടൊയെന്ന് സൈന്യവും ദ്രുതകര്‍മ്മ സേനയും നിരീക്ഷണം നടത്തുന്നുണ്ട്. വലിയ തോതില്‍ നാശനഷ്ടമുണ്ടായ ഫുജൈറയില്‍ വെള്ളക്കെട്ടുകൾ ഒഴിഞ്ഞിട്ടില്ല.
നാശനഷ്ടങ്ങളുടെ കണക്കെടുപ്പും പുരോഗമിക്കുകയാണ്. വില്ലകളിലേയും താമസ ഇടങ്ങളിലേയും നാശനഷ്ടങ്ങളും വിലയിരുത്തുന്നുണ്ട്. നിരവധി ആളുകൾക്ക് ഫോണും വിലപിടിപ്പുളള വസ്തുക്കളും നഷ്ടമായി. താമസയിടങ്ങൾക്ക് പുറമെ വാഹനങ്ങളിലും വെള്ളം കയറി.ബന്ധുക്കളേയും സുഹൃത്തുക്കളേയും ബന്ധപ്പെടാനാകാതെ നിരവധിയാളുകൾ കുടുങ്ങിപ്പോയ സാഹചര്യമാണുണ്ടായത്.
അതേസമയം മാനം തെളിഞ്ഞതോടെ ശുചീകരണ പ്രവര്‍ത്തനങ്ങൾക്കും തുടക്കമായിട്ടുണ്ട്. അണുനശീകരണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. വീടുകളിലേയും പാര്‍ക്കിംഗ് കേന്ദ്രങ്ങളിലേയും ചെളിയും മറ്റും നീക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലേക്കും തടാകങ്ങളിലേക്കുമുളള വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം റെഡ് ക്രെസന്റ് വാളന്റിയര്‍മാരും സജീവമാണ്. യുഎഇയില്‍ മൂന്ന് പതിറ്റാണ്ടിനിടയിലെ വലിയ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.