സൗദി അറേബ്യയിൽ ഓഗസ്റ്റ് 31 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അധികൃതർ മുന്നറിയിപ്പ് നൽകി.
മക്ക മേഖലയിൽ ഈ കാലയളവിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെ മിന്നൽ വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക്, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റിയാദിലും ശക്തമായ മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. മദീന, അൽ ബാഹ, അസീർ, ജിസാൻ, നജ്‌റാൻ തുടങ്ങിയ മേഖലകളിലും മഴയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
അതിനാൽ ജനങ്ങൾ താഴ്വരകൾ, തടാകങ്ങൾ, വെള്ളക്കെട്ട് നിറഞ്ഞ പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് അധികൃതർ നിർദ്ദേശിച്ചു.