സൗദിയിൽ വീണ്ടും മഴ മുന്നറിയിപ്പെത്തി. അടുത്ത ആഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ മഴ തുടരാൻ സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗദിയുടെ ഒട്ടുമിക്ക മേഖലകളിലും മഴ ലഭിക്കാനിടയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
അസീർ, ജിസാൻ, അൽ ബാഹ, ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ് തുടങ്ങിയ മേഖലകളിൽ അടുത്ത വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആ മാസം രാജ്യത്ത് ശരാശരിയിൽ കവിഞ്ഞുള്ള മഴ പെയ്യാനിടയുള്ളതായാണ് കണക്കാക്കപ്പെടുന്നത്.
ഈ കാലയളവിൽ രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും താഴ്ന്ന ഭാഗങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും താഴ്വരകളും ജലാശയങ്ങളും ഉൾപ്പെടെയുള്ളവ സന്ദർശിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. വാഹനയാത്രക്കാർ ഗതാഗത നിർദേശങ്ങൾ പാലിച്ച് വാഹനമോടിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.