ഗൾഫ് മേഖലയിൽ മഴയുടെ മുന്നറിയിപ്പ് അവസാനിക്കുന്നില്ല. ഖത്തറിലാണ് ഇപ്പോൾ മഴ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ മെയ് 8 വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാനാണ് സാധ്യത. അതേസമയം, ഏതാനും മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ താഴ്ന്ന ഭാഗങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും താഴ്വരകളും ജലാശയങ്ങളും ഉൾപ്പെടെയുള്ളവ സന്ദർശിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.
മഴയുള്ള സമയത്ത് വാഹനയാത്രക്കാർ വേഗത കുറച്ചും ഗതാഗത നിർദേശങ്ങൾ പാലിച്ചും വാഹനമോടിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. അതേസമയം മഴ മുന്നറിയിപ്പുണ്ടെങ്കിലും പേടിക്കേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്.