കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ തിരിച്ചെത്തി. 137 ദിവസമാണ് അയോഗ്യതയുടെ പേരിൽ അദ്ദേഹം മാറ്റി നിർത്തപ്പെട്ടത്. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ വണങ്ങിയ ശേഷമായിരുന്നു ലോക്സഭയിലേക്കുള്ള പ്രവേശനം. അമ്മ സോണിയ ഗാന്ധി, രാഹുലിന് കവിളിൽ ഉമ്മ നൽകി സ്വീകരിച്ചു. കൂടാതെ മുദ്രാവാക്യം വിളികളോടെ കോൺഗ്രസ് എംപിമാരും അണികളും രാഹുലിനെ സ്വാഗതം ചെയ്തു.
എന്നാൽ ലോക്സഭ ചേർന്നപ്പോൾ ബിജെപി അംഗം നിഷികാന്ത് ദുബെ ‘ചൈനീസ് ദല്ലാൾ’ എന്ന് രാഹുലിനെ വിളിച്ചെന്ന് പരാതി ഉയർന്നു. ഇതേ തുടർന്ന് പ്രതിപക്ഷം സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽ. പരാതി എഴുതി നൽകാൻ സ്പീക്കർ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചുകൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് ഇന്നു രാവിലെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന് സൂറത്ത് മജിസ്ട്രേട്ട് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചത്.
അതേസമയം രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിന് പിന്നാലെ പ്രതിപക്ഷ ഇന്ത്യ മുന്നണിയിൽ വൻ ആഘോഷം നടന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേതാക്കൾക്ക് മധുരം നൽകി സ്വീകരിച്ചു. മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകരും ആഘോഷത്തിലാണ്. കൂടാതെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനു പിന്നാലെ രാഹുൽ ഗാന്ധി എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലെ ബയോയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നത് നീക്കം ചെയ്തതിന് ശേഷം പകരം ‘മെമ്പര്‍ ഓഫ് പാർലമെന്റ്’ എന്നാക്കിയിട്ടുണ്ട്.