വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ ഉത്തരവ്. 2019ല്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് നടപടി. രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയത്.
കേസിൽ അപ്പീല്‍ നല്‍കാനായി സൂറത്ത് കോടതി 30 ദിവസത്തെ സമയവും ജാമ്യവും അനുവദിച്ചിരുന്നു. മേല്‍ക്കോടതിയുടെ ഇടപെടലിന് മുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിൻ്റെ നടപടിയുണ്ടായിരിക്കുന്നത്.ഇതോടെ തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതിന് രാഹുൽ ഗാന്ധിക്ക് ആറ് വര്‍ഷത്തെ വിലക്കും നേരിടേണ്ടിവരും.
കോടതി വിധി വന്ന വ്യാഴാഴ്ച മുതല്‍ അയോഗ്യതയും പ്രാബല്യത്തിൽ വന്നു.
ഭരണഘടനയുടെ 101 (1) വകുപ്പ് അനുസരിച്ചും ജനപ്രാതിനിധ്യ നിയമത്തിൻ്റെ എട്ടാം വകുപ്പ് അനുസരിച്ചുമാണ് ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ നടപടി. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങാണ് രാഹുലിനെ അയോഗ്യനാക്കിയ ഉത്തരവിറക്കിയത്. വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കും.
രാഹുലിനെതിരായ നീക്കത്തിൽ രാജ്യത്ത് ആകെമാനം കോൺഗ്രസ് പ്രതിഷേധം അലയടിക്കുകയാണ്. കോടതി വിധിക്കെതിരെ ഡല്‍ഹിയില്‍ നടന്ന എംപിമാരുടെ പ്രതിഷേധത്തില്‍ നേരിയ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ്ചെയ്ത് നീക്കിയിരുന്നു.ഡല്‍ഹി എെഎസിസി ആസ്ഥാനത്തിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.