രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മുകാശ്മീരില്‍ പ്രവേശിക്കാനിരിക്കേ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നുമാണ് കേന്ദ്ര ഏജൻസികൾ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയത്. ഭീകരാക്രമണ സാധ്യതകൾ തളളിക്കളയരുതെന്നും ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും കേന്ദ്ര സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
അതേസമയം രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജമ്മുവിലെ സുരക്ഷയ്ക്ക് വിശദമായ പദ്ധതികൾ സ്വീകരിക്കുകയാണെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി. യാത്ര, താമസം, സ്വീകരണം യോഗങ്ങൾ എന്നിവ സുരക്ഷാ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലായിരിക്കും. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളിൽ ഏജൻസികളുടെ സുരക്ഷാ പരിശോധനയും തുടരുകയാണ്. ഇസഡ് പ്ലസ് സുരക്ഷയുള്ള രാഹുല്‍ ഗാന്ധിക്കൊപ്പം ഒമ്പതോളം കമാന്‍ഡോകള്‍ ഉണ്ടാവാറുണ്ട്.
നിലവിൽ പഞ്ചാബിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. ബുധനാഴ്ച ഹിമാചലിലെത്തുന്ന യാത്ര വ്യാഴാഴ്ചയാണ് ജമ്മു കശ്മീരിൽ പ്രവേശിക്കുക. കശ്മീരിലെ കാഠ്‌വയിലാണ് ആദ്യ സ്വീകരണം. ജനുവരി 25ന് ബനിഹാലിൽ രാഹുല്‍ ദേശീയ പതാക ഉയർത്തും. 27ന് അനന്ത് നാഗ് വഴി ശ്രീനഗറിലെത്തും. ജനുവരി 30ന് വന്‍ റാലിയോടെയാണ് സമാപിക്കുക.