സൗദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻറെ മോചനത്തിന് ദയാധനം ഇന്ത്യൻ എംബസി വഴി സൗദി വിദേശകാര്യ മന്ത്രാലയത്തിൻറെ അനുമതിയോടെ പ്രത്യേകം അക്കൗണ്ടുണ്ടാക്കി കൈമാറും. തടസ്സങ്ങൾ നേരിടാതെ തുക സൗദിയിലെത്തിക്കാൻ വേണ്ട ശ്രമങ്ങൾ ഇന്ത്യൻ എംബസിയും സഹായ സമിതിയും ആരംഭിച്ചിട്ടുണ്ട്. 2006 നവംബറിൽ സൗദിയിലെത്തിയ റഹീം ഒരു മാസത്തിനകം തന്നെ കേസിൽ കുടുങ്ങുകയായിരുന്നു.
സൗദിയിൽ ഇനി മോചനത്തിനുള്ള ശ്രമമാണ് നടക്കുക. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി കുടുംബത്തിന്റെ വക്കീലുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടി. കരാർ പ്രകാരമുള്ള തുക സമാഹരിക്കപ്പെട്ടെന്നും എത്രയും വേഗം ശിക്ഷ റദ്ദ് ചെയ്യാനുള്ള കുടുംബത്തിന്റെ സമ്മതം കോടതിയിൽ അറിയിക്കണമെന്നും ആവശ്യപ്പെടും. ഇന്ത്യൻ എംബസി ഇക്കാര്യം വിശദീകരിച്ച് അറ്റോർണിക്ക് കത്ത് കൈമാറുകയും ചെയ്യും.
ദിയധനം വാങ്ങി റഹീമിന് മാപ്പ് നൽകിയെന്ന കുടുംബത്തിന്റെ സമ്മതം അറ്റോർണി കോടതിയിൽ അറിയിക്കുന്നതോടെ കോടതി ശിക്ഷ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കും. തുടർന്ന് കീഴ്കോടതിയുടെ ഉത്തരവ് സുപ്രീം കോടതിയിലേക്ക് അയക്കുകയും അത് ശരിവെക്കുകയും വേണം. ഒന്നരക്കോടി സൗദി റിയാലിൻറെ ചെക്ക് എൻഫോഴ്‌സ്‌മെൻറെ കോടതിയിൽ സമർപ്പിക്കും. അതോടെ ജയിൽ മോചനത്തിനുള്ള രേഖകളും നീക്കും. തുടർന്നുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ ജയിൽ മോചനവും അതിവേഗം സാധ്യമാകും. ജയിൽ മോചിതനായി റഹീം നാടണയുണന്നത് കാത്തിരിക്കുകയാണ് ലോക മലയാളികൾ.