ലഗേജ് കാണാനില്ലെന്ന പരാതി വിമാനത്താവളങ്ങളിൽ നിന്നും സ്ഥിരമായി കേൾക്കുന്നതാണ്. ഇനി അത്തരം പരാതികൾക്ക് സൗദിയിൽ സ്ഥാനമില്ല. കാരണം ലഗേജിന്റെ ലൊക്കേഷൻ അറിയാനുള്ള സംവിധാനമാണ് സൗദിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഹജ്ജ് തീർത്ഥാടകർക്കാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫയർ) എന്ന ടാഗുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ലഗേജിലും പാസ്പോർട്ടിലും ഈ ടാഗുകൾ പതിക്കും. ഇതോടെ തീർത്ഥാടകരുടെ ലഗേജ് നഷ്ടപ്പെടുകയോ മറ്റുള്ളവർ മാറിക്കൊണ്ടുപോകുകയോ ചെയ്താൽ ലഗേജ് ലഭിക്കുന്നവർക്ക് ടാഗ് സ്കാൻ ചെയ്താൽ തീർത്ഥാടകരുടെ താമസസ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങളും ലൊക്കേഷനും ലഭിക്കും.
കോഴിക്കോട്, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളിൽ നിന്ന് സൗദിയിലേയ്ക്ക് ഹജ്ജിനായി പുറപ്പെടുന്ന യാത്രക്കാരുടെ ബാഗുകളിലാണ് ഈ ടാഗുകൾ പതിപ്പിക്കുന്നത്. സംവിധാനം വിജയകരമാണെങ്കിൽ എല്ലാ യാത്രക്കാർക്കും ഈ സൗകര്യം ലഭ്യമാക്കാനാണ് തീരുമാനം.