കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. ആർ. ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
പൊലീസിൽ സമത്വത്തിന് വേണ്ടിയും സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുമെല്ലാം വിപ്ലവകരമായ പല തീരുമാനങ്ങളും എടുത്തിട്ടുള്ള ധീര വനിതയാണ് ശ്രീലേഖയെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായിട്ടാണ് ശ്രീലേഖ ബിജെപിയിൽ ചേരുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ചേർത്തല എഎസ്പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശ്രീലേഖ തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ്പിയായിരുന്നു. വിജിലൻസ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി, ഫയർഫോഴ്സ് മേധാവി എന്നീ ചുമതലകളും വഹിച്ചിരുന്നു.