ചെസ് ലോകകപ്പിലെ രണ്ടാം സ്ഥാനത്തിന് ലഭിച്ച വെള്ളി മെഡൽ അമ്മ നാഗലക്ഷ്മിക്ക് സമ്മാനിച്ച് ആർ. പ്രഗ്നാനന്ദ. ഫൈനലിൽ നോർവേ താരം മാഗ്നസ് കാൾസനോട് ടൈബ്രേക്കറിൽ പൊരുതിയാണ് രണ്ടാം സ്ഥാനത്തേയ്ക്ക് താരം പിന്തള്ളപ്പെട്ടത്. ലോകകപ്പിൽ വെള്ളി മെഡൽ നേടിയതിന്റെയും 2024 കാൻഡിഡേറ്റ്സ് യോഗ്യത ഉറപ്പിച്ചതിന്റെയും ആഹ്ലാദത്തിലാണ് താനെന്ന് കുറിച്ച് എക്സ് പ്ലാറ്റ്ഫോമിലാണ് താരം അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
“എനിക്ക് എല്ലാവരും നൽകിയ പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും നന്ദിയുണ്ട്. ലോകകപ്പിൽ വെള്ളി മെഡൽ നേടാനായതിലും 2024 കാൻഡിഡേറ്റ്സ് യോഗ്യത ഉറപ്പിച്ചതിലും അതിയായ സന്തോഷമുണ്ട്. എപ്പോഴും എന്നെ പിന്തുണയ്ക്കുന്ന, സന്തോഷിക്കുന്ന, അഭിമാനിക്കുന്ന അമ്മയ്ക്കൊപ്പം” എന്നാണ് പ്രഗ്നാനന്ദ കുറിച്ചത്.
കാൾസനെ ആദ്യ രണ്ടു ഗെയിമുകളിൽ സമനിലയിൽ തളച്ച് മത്സരം ടൈബ്രേക്കർ വരെയെത്തിച്ചത് 19 വയസുകാരനായ പ്രഗ്നാനന്ദയുടെ കരിയറിലെ മികച്ച നേട്ടം തന്നെയാണ്. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാൾസൻ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. രണ്ടാം ഗെയിം സമനിലയിൽ പിരിഞ്ഞു. ടൈബ്രേക്കറിൽ വിജയത്തിന് ആവശ്യമായ ഒന്നര പോയിന്റ് കാൾസൻ സ്വന്തമാക്കിയതോടെയാണ് പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.