ഖത്തർ ചാരിറ്റി നടപ്പാക്കുന്ന വിദ്യാഭ്യാസ ക്യാംപെയ്ൻ പദ്ധതിയിലൂടെ ഒരു ലക്ഷം നിർധന വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കും. വിദ്യാഭ്യാസം അത് സാധ്യമാക്കുന്നു എന്ന തലക്കെട്ടിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയാണ് ഇതുവഴി ഖത്തർ ചാരിറ്റി. യുദ്ധം, പ്രകൃതി ദുരന്തം, മറ്റ് പ്രതിസന്ധികൾ എന്നിവ നേരിടുന്ന രാജ്യങ്ങളിൽ വിദ്യാർത്ഥികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്.
ഖത്തറിലെ അനാഥ കുട്ടികൾക്കും നിർധന കുടുംബങ്ങളിലെ കുട്ടികൾക്കുമാണ് സഹായം നൽകുന്നത്. ഖത്തറിലുള്ളവർക്ക് സ്കൂൾ ബാഗ്, യൂണിഫോം, ലാപ്ടോപ്, ട്യൂഷൻ ഫീസ് എന്നിവയ്ക്ക് പുറമെ യാത്രാ ചെലവുകളും നൽകും. കൂടാതെ യെമനിലെ കുട്ടികൾക്ക് സ്കോളർഷിപ്പും സൈക്കിൾ ഉൾപ്പെടെയുള്ള വസ്തുക്കളും നൽകും. ക്യാംപെയ്നിന്റെ ഭാഗമായി 66 പ്രാഥമിക, സെക്കൻഡറി സ്കൂളുകളുടെയും വൊക്കേഷണൽ പരിശീലന കേന്ദ്രങ്ങളുടെയും നിർമ്മാണവും നവീകരണവും ഖത്തർ ചാരിറ്റി ഉറപ്പാക്കുകയും ചെയ്യും.
രാജ്യത്തെ 4,510 വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികളുടെ അടിസ്ഥാന വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സംഭാവനകളും തേടുന്നുണ്ട്. താല്പര്യമുള്ളവർക്ക് ഖത്തർ ചാരിറ്റിയുടെ വെബ്സൈറ്റ്, മാളുകളിലും വാണിജ്യ സെന്ററുകളിലുമുള്ള ശാഖകൾ എന്നിവയിലൂടെയോ 4492 0000 എന്ന നമ്പറിൽ നേരിട്ടോ സംഭാവനകൾ നൽകാൻ സാധിക്കും.