സൗദി അറേബ്യയിൽ നിന്നെത്തുന്ന സഞ്ചരികളെ ആകർഷിക്കാൻ ഒരുങ്ങി ഖത്തർ. സൗദിയിൽ നിന്നെത്തുന്ന കുടുംബങ്ങൾ ഉൾപ്പെടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി പങ്കാളിത്തകരാറിൽ ഖത്തർ ടൂറിസം ഒപ്പുവെച്ചു. കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ആസ്വദിക്കാൻ കഴിയുന്ന പ്രധാന ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി ഖത്തറിനെ ഉയർത്തിക്കൊണ്ട് വരുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് സൗദി സ്ഥാപനങ്ങളുമായി ഖത്തർ ടൂറിസം ധാരണയിലെത്തിയത്.
അതേസമയം ഖത്തറിന്റെ വിനോദസഞ്ചാര മേഖലയുടെ വികസനം മുൻനിർത്തി സൗദിയിലെ മന്ത്രിമാരടക്കമുള്ള നേതാക്കളുമായി ഉന്നത തലത്തിൽ തന്നെ ഫലപ്രദമായ ചർച്ച നടത്തുകയും ചെയ്തു. ഇവ ഫലംകണ്ടെന്നും വിനോദസഞ്ചാര മേഖലയുടെ വളർച്ചക്കായി ഖത്തർ നടത്തുന്ന ശക്തമായ നിക്ഷേപങ്ങളിൽ ശ്രദ്ധയൂന്നുന്നതിൽ അഭിമാനമുണ്ടെന്നും ഖത്തർ ടൂറിസം ഡെപ്യൂട്ടി ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു.
ഖത്തറിലേക്കുള്ള അന്താരാഷ്ട്ര സന്ദർശകരിൽ ഏറ്റവും കൂടുതൽ പേർ എത്തുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. സ്വദേശികളും മലയാളികൾ ഉൾപ്പെടെ സൗദി പ്രവാസികളുമെല്ലാമായി നിരവധി പേരാണ് ഖത്തറിലേക്ക് ഒഴുകിയെത്തുന്നത്. മാത്രമല്ല, ഖത്തറിലേക്കുള്ള ആദ്യത്തെ 10 മികച്ച വിപണികളിൽ ജിസിസി രാജ്യങ്ങളും ഇടംനേടിയിട്ടുണ്ട്. ജിസിസി പൗരന്മാർക്ക് വിസ ആവശ്യമില്ലാത്തതിനാൽ നിരവധിയാളുകളാണ് ആഘോഷിക്കാനായി ഖത്തറിലേക്കെത്തുന്നത്.
അതേസമയം ജിസിസി പൗരന്മാർക്ക് മാത്രമായി ഹയ്യ പ്ലാറ്റ്ഫോമിൽ എൻട്രി പെർമിറ്റ് സംവിധാനവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ഹയ്യ പ്ലാറ്റ്ഫോമിലെ പ്രീ-രജിസ്ട്രേഷൻ സേവനത്തിലൂടെ അതിർത്തിയിൽ വാഹനങ്ങൾക്ക് വേഗത്തിൽ തന്നെ പ്രവേശിക്കാൻ സാധിക്കുന്നുണ്ട്. അതിനാൽ ഖത്തറിലേക്കുള്ള യാത്രയുടെ തുടക്കം മുതൽ സുഗമമായ അനുഭവം സന്ദർശകർക്ക് ഉറപ്പുനൽകും.