ഖത്തറിലെ ഹമദ് രാജ്യാന്തര തുറമുഖത്തെ അഞ്ച് അറബ് രാജ്യങ്ങളുമായി ബന്ധിപ്പിച്ചുള്ള പുതിയ സമുദ്ര പാതകൾക്ക് (മിഡിൽ ഈസ്റ്റ്-6) തുടക്കം കുറിച്ചു. ഈജിപ്ത്, യുഎഇ, സൗദി, ഒമാൻ, മൊറോക്കോ എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിച്ചാണ് പുതിയ റൂട്ടുകൾ പ്രവർത്തനം ആരംഭിച്ചത്.
ഹമദ് തുറമുഖവുമായി ബന്ധിപ്പിച്ച് അഞ്ച് രാജ്യങ്ങളിലെ ഒൻപത് തുറമുഖങ്ങളിലൂടെയാണ് പുതിയ റൂട്ടുകൾ കടന്നു പോകുന്നത്. മറ്റു രാജ്യങ്ങളുമായി ഖത്തറിന് നേരിട്ട് വ്യാപാരത്തിനുള്ള കൂടുതൽ അവസരങ്ങളാണ് പുതിയ റൂട്ടുകളിലൂടെ ലഭിക്കുക എന്ന് തുറമുഖം ഓപ്പറേറ്റർമാരായ ക്യു ടെർമിനൽസ് അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ ജബൽ അലി പോർട്ട് ടി2, ഒമാനിലെ ദുഖം, സലാല, ഈജിപ്തിലെ സൂയസ്, പോർട്ട് സെയ്ദ്, സൗദിയിലെ ദമാം, ജുബൈൽ, മൊറോക്കോയിലെ ടാൻജിയർ മെഡ്, ടാൻജിയർ മെഡ് ടു എന്നീ തുറമുഖങ്ങളിലൂടെയാണ് പുതിയ റൂട്ടുകൾ. അതേസമയം ലോക സമുദ്ര വ്യാപാരത്തിന് ആക്കം കൂട്ടാൻ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി കപ്പൽ സർവീസുകളും പുതിയ റൂട്ടുകളും ഹമദ് തുറമുഖത്ത് സജീവമാണ്.
2017ൽ അയൽ രാജ്യങ്ങളുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഹമദ് തുറമുഖത്ത് നിന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് പുതിയ കപ്പൽ റൂട്ടുകൾക്ക് തുടക്കമായത്. കൂടാതെ രാജ്യത്തിന്റെ വിപണിയിലേക്ക് ഉൽപന്നങ്ങളുടെ തടസ്സമില്ലാതെയുള്ള ഇറക്കുമതിയും എണ്ണ, വാതകം ഉൾപ്പെടെയുള്ള കയറ്റുമതിയും സുഗമമാക്കാൻ ലക്ഷ്യമിട്ടായിരുന്നു സർവീസുകൾ ആരംഭിച്ചത്.