കഠിന വേനലിലെ പുറം തൊഴിൽ, ആരോഗ്യ സുരക്ഷ എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതിനായി ഖത്തർ തൊഴിൽ വകുപ്പ് പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കി. പോസ്റ്റൽ വകുപ്പുമായി സഹകരിച്ചാണ് ബോധവത്കരണ പദ്ധതി നടപ്പാക്കിയത്. സുരക്ഷാ മാനദണ്ഡങ്ങളുടെ അതീവ പ്രാധാന്യം വ്യക്തമാക്കുന്നതാണ് സ്റ്റാമ്പ് പ്രചരണം.
തൊഴിലിടങ്ങളിൽ ചൂട് മൂലം ഉണ്ടാകാനിടയുള്ള അപകടങ്ങളെ സ്റ്റാമ്പുകളിലൂടെ എടുത്ത് കാട്ടുകയാണ് തൊഴിൽ വകുപ്പ് തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യവും അടിസ്ഥാന അവകാശവും കൂട്ടായ ഉത്തരവാദിത്തവുമാണെന്നാണ് സ്റ്റാമ്പുകളിലെ ആശയം. നാല് സ്റ്റാമ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
സൂര്യാഘാതം മൂലമുണ്ടാകുന്ന അപകടങ്ങൾ ചെറുക്കുന്നതിന് ഖത്തറിൽ നിലവിലുള്ള നിയമങ്ങൾ കർശനമാക്കുന്നതിനൊപ്പം കെട്ടിടനിർമ്മാണ മേഖലയിൽ ഉൾപ്പെടെഅടിസ്ഥാന സുരക്ഷാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്. മെയ് 9-ന് ദോഹയിൽ ആരംഭിച്ച ഇൻ്റർനാഷണൽ കോൺഫറൻസ് ഓൺ ഒക്യൂപ്പേഷൻ ഹീറ്റ് സ്‌ട്രെസ് പരിപാടിയിൽ സ്റ്റാമ്പുകൾ പ്രകാശനം ചെയ്തതു.
ഖത്തർ തൊഴിൽ മന്ത്രാലയം, പബ്ലിക് വർക്‌സ് അതോറിറ്റി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷൻ എന്നീ നാല് സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് പുറത്തിറക്കിയിരിക്കുന്ന നാല് സ്റ്റാമ്പുകൾ. 3.50 റിയാൽ മൂല്യമുള്ളതാണ് ശ്രേണിയിലെ ഓരോ സ്റ്റാമ്പെന്നും അധികൃതർ ഓർമ്മിപ്പിച്ചു.