ദേശീയദിനം ആഘോഷിച്ച് ഖത്തർ. പാലസ്‌തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുവൈത്ത് മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വേർപ്പാടിന്റെ പശ്ചാത്തലത്തിലും ഈ വർഷം ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കി.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ സാധാരണക്കാരായ നിരവധിപേർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ ഔദ്യോഗിക ആഘോഷ പരിപാടികൾ ഒഴിവാക്കാൻ നേരത്തേ അധികൃതർ ആലോചിച്ചിരുന്നു. അതോടൊപ്പം കുവൈത്ത് മുൻ അമീറിന്റെ വേർപാട് കൂടിയായതോടെ മൂന്ന് ദിവസത്തെ ദു:ഖാചരണവും രാജ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഖത്തറിൻ്റെ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന പരിപാടികളും കാഴ്‌ചകളും ദർബ് അൽ സാഇയിലും കോർണിഷിലുമായി നടത്തപ്പെടും.
1878 ഡിസംബർ 18-ന് ഷെയ്‌ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി ഖത്തറിൻ്റെ ഭരണാധികാരിയായി സ്ഥാനമേറ്റതിന്റെയും രാജ്യത്തിന്റെ ഏകീകരണത്തിന്റെയും സ്മരണ പുതുക്കിയാണ് ദേശീയ ദിനം ആചരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷം അർജന്റീന ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിൻ്റെ ഒന്നാം വാർഷികം കൂടിയാണ് ഡിസംബർ 18. ലോകകപ്പ് ആതിഥേയത്വത്തിന്റെ സ്‌മരണ പുതുക്കിയാണ് ഖത്തർ ഇത്തവണത്തെ ദേശീയ ദിനം ആഘോഷിക്കുന്നത്.