ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ചാർജിങ് സ്റ്റേഷനുകൾ വർധിപ്പിച്ച് ഖത്തർ ഗതാഗത മന്ത്രാലയം. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ചാർജിങ് സ്റ്റേഷനുകൾ വർധിപ്പിക്കുന്നത്. രാജ്യമാകെ കൂടുതൽ ഇ-ചാർജിങ് പോയന്റുകൾ പ്രവർത്തന സജ്ജമായതായി മന്ത്രാലയം അറിയിച്ചു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ ദിവസം സമാപിച്ച ഗതാഗത സമ്മേളന-പ്രദർശനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഗതാഗത മന്ത്രാലയവുമായി ഒപ്പുവെച്ച കരാർ പ്രകാരം അൽഫർദാൻ ഓട്ടോമോട്ടിവാണ് ഇ.വി സ്റ്റേഷനുകൾ സ്ഥാപിച്ചത്. ഗതാഗത മന്ത്രാലയം തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. കാർബൺ പ്രസരണം കുറക്കാൻ പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഗതാഗത മന്ത്രാലയം കൂട്ടിച്ചേർത്തു.