ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി ഖത്തര്‍. സൗദി അറേബ്യ, യുഎഇ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളുമായുള്ള ഇടപാടുകളിലാണ് വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം തുടക്കത്തിലുണ്ടായതിനേക്കാൾ 85 ശതമാനം വര്‍ദ്ധനവാണ് മൂന്നാം പാദത്തില്‍ ഉണ്ടായതെന്നും കണക്കുകൾ. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് കണക്കുൾ പുറത്തുവിട്ടത്.
2022ലെ ആദ്യ പാദത്തിൽ ഖത്തർ-ജിസിസി വ്യാപാര തോത് 730.5 കോടി റിയല്‍ ആയിരുന്നു. രണ്ടാം പാദത്തിൽ 1011.40 കോടി റിയാലായി വര്‍ദ്ധിച്ചു. മൂന്നാം പാദത്തിൽ 1346.9 കോടി റിയാൽ ആയി വ്യാപാര ഇടപാടുകൾ ഉയര്‍ന്നെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2021 ലെ മൊത്തം വ്യാപാരത്തേക്കാൾ കൂടുതലാണിതെന്നും രേഖകൾ വ്യക്തമാക്കുന്നു. ജിസിസി രാജ്യങ്ങളും ഖത്തറും തമ്മിലുളള കയറ്റിറക്കുമതിയിലും ഗണ്യമായ വർധനവ് പ്രകടമാണ്.
ജിസിസി രാജ്യങ്ങൾ തമ്മിലുളള വ്യാപാരബന്ധം കരുത്താർജിക്കുന്നതിന്‍റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. 2021ലെ വ്യാപാര മൂല്യത്തേക്കാൾ ഇരട്ടി കച്ചവടമാണ് 2022ല്‍ ജിസിസി രാജ്യങ്ങൾ തമ്മിലുണ്ടായത്. 2022 ആദ്യ 3 പാദത്തിലുമായി 3,088 കോടി റിയാലിന്‍റെ വ്യാപാരം നടന്നു. ഫിഫ ലോകകപ്പിന് പിന്നാലെ വൻകിട രാജ്യാന്തര ഇവന്റുകൾക്ക് ഖത്തർ ആതിഥേയത്വം നല്‍ക്കുന്നതും രാജ്യാന്തര സന്ദര്‍ശകരേറുന്നതും ഗൾഫ് രാജ്യങ്ങളിലെ നിക്ഷേപ വളർച്ച ത്വരിതപ്പെടുത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.