എഡ്യൂക്കേഷൻ സിറ്റിയിലെ നോർത്ത് – സൗത്ത് ക്യാമ്പസുകളെ തമ്മിൽ ബന്ധിപ്പിച്ച് പുതിയ ഗ്രീൻ ലൈൻ ട്രാം പ്രവർത്തനമാരംഭിച്ചു. പുതിയ സൗകര്യം ലഭ്യമാക്കിയതിനാൽ വടക്കും തെക്കുമുള്ള ക്യാമ്പസുകളിലേക്ക് ഇനി അതിവേഗമെത്താൻ സാധിക്കും. ഇരുക്യാമ്പസുകളിലെയും കമ്യൂണിറ്റി ഹൗസിങുമായി ബന്ധിപ്പിച്ചാണ് റൂട്ടുകൾ ആരംഭിച്ചിരിക്കുന്നത്. എജ്യുക്കേഷൻ സിറ്റി ട്രാം സർവീസിന്റെ വിപുലീകരണത്തിന്റെ ഭാഗമായാണ് ഗ്രീൻ ട്രാം സർവീസുകൾ ആരംഭിച്ചത്.
സുസ്ഥിര, പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ട്രാം സർവീസുകൾ. മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചാണ് ട്രാമുകൾ പ്രവർത്തികുക. ദിവസേന മൂവായിരത്തിലധികം പേരാണ് ട്രാമുകളിലൂടെ സഞ്ചരിക്കുന്നത്. 2019 ഡിസംബർ 25-ന് മത്താഫിൽ നിന്നാണ് ബ്ലൂ ലൈൻ ട്രാം സേവനം ആദ്യമായി ആരംഭിച്ചത്. 2020 ഒക്ടോബർ 12ന് യെല്ലോ ലൈനിലും ട്രാമുകൾ ഓടിത്തുടങ്ങി. അൽ ഷഖബ് മുതൽ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം വരെയാണ് യെല്ലോ ലൈൻ. ഇപ്പോൾ ഗ്രീൻ ലൈനും കൂടി പ്രവർത്തനം ആരംഭിച്ചതോടെ എജ്യുക്കേഷൻ സിറ്റിയിലുടനീളം യാത്ര സുഗമമായിരിക്കുകയാണ്.
എഡ്യൂക്കേഷൻ സിറ്റി കമ്മ്യൂണിറ്റി ഹൗസിങ്ങ്, ഖത്തർ ഫൗണ്ടേഷൻ റിസർച്ച് സെന്റർ, പ്രീമിയർ ഇൻ ദോഹ എഡ്യൂക്കേഷൻ സിറ്റി ഹോട്ടൽ, ഖത്തർ സയൻസ് ആൻഡ് ടെക്‌നോളജി പാർക്ക്, ഖത്തർ നാഷണൽ കൺവെൻഷൻ സെന്റർ, സിദ്ര മെഡിസിൻ എന്നിവയാണ് നോർത്ത് ക്യാമ്പസിലെ ട്രാം സ്റ്റോപ്പുകൾ.