ഖത്തറിലെ ഈത്തപ്പഴ ഉത്സവ സീസണിന് തുടക്കമായി. എട്ടാമത് സൂഖ്വാഖിഫ് ഈത്തപ്പഴമേളക്കാണ് തുടക്കമായത്. ആഗസ്റ്റ് അഞ്ചുവരെ നീണ്ടുനിൽക്കുന്ന 10 ദിവസങ്ങളിലായാണ് ഈത്തപ്പഴങ്ങളുടെ മഹാമേള നടക്കുക. സൂഖ് വാഖിഫ് മാനേജ്മെന്റിന്റെ പങ്കാളിത്തത്തോടെയാണ് മേള നടക്കുന്നത്. അൽ അഹമ്മദ് സ്ക്വയറിൽ നടക്കുന്ന മേളയിൽ ഇത്തവണ 103 പ്രാദേശിക ഫാമുകളാണ് പങ്കെടുക്കുന്നത്.
ഓരോ ദിവസവും 15 ടൺ വരെ ഈത്തപ്പഴങ്ങളുടെ വിൽപനയാണ് പ്രതീക്ഷിക്കുന്നതെന്ന് ഫെസ്റ്റ് ജനറൽ സൂപ്പർവൈസർ ഖാലിദ് സൈഫ് അൽ സുവൈദി പറഞ്ഞു. ദിവസവും ഉച്ചയ്ക്ക് 3.30 മുതൽ രാത്രി 9.30 വരെയാണ് ഫെസ്റ്റിവലിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് വാരാന്ത്യ ദിനങ്ങളായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 10 മണിവരെ പ്രവേശനം നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഈത്തപ്പഴങ്ങൾകൊണ്ടുള്ള ജ്യൂസ്, ഐസ്ക്രീം, പായസങ്ങൾ, സിറപ്പ്, കേക്ക് തുടങ്ങിയ വ്യത്യസ്ത ഉൽപന്നങ്ങളും ഈന്തപ്പനയോലകൾ കൊണ്ട് നിർമിച്ച അലങ്കാരവസ്തുക്കൾ, പാത്രങ്ങൾ, സഞ്ചികൾ തുടങ്ങിയ കരകൗശല ഉൽപന്നങ്ങളും പ്രദർശനത്തിന്റെ ഭാഗമായി ഇവിടെ ലഭ്യമാണ്. അതേസമയം ഇത്തവണ ഏറ്റവും മികച്ച ഈത്തപ്പഴ ഫാമിനുള്ള സമ്മാനവും സംഘാടകർ ഒരുക്കുന്നുണ്ട്. മേളയിൽ വിൽപന നടത്തുന്നവരിൽനിന്നും തെരഞ്ഞെടുക്കുന്ന മൂന്നു പേർക്കായിരിക്കും സംഘാടകരുടെ സമ്മാനം ലഭിക്കുക.