ഖത്തറിൽ ഇന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ്. രണ്ടു മാസത്തോളം നീണ്ടു നിന്ന നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴാമത് മുനിസിപ്പൽ കൗൺസിലിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി സ്വദേശി വോട്ടർമാർ ഇന്ന് വോട്ടുകൾ രേഖപ്പെടുത്തും. ഒരാഴ്ചത്തോളം നീണ്ടു നിന്ന പ്രചാരണ പരിപാടിക്കൊടുവിലാണ് വോട്ടെടുപ്പ്.
29 സീറ്റുകളിലേക്കായി 102 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇവരിൽ നാല് പേർ വനിതകളാണ്. 11ാം നമ്പറായ അബൂഹമൂർ മണ്ഡലത്തിൽ 11 പേരാണ് മത്സരിക്കുന്നത്. ഇവിടെയാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത്. എന്നാൽ 27ാം നമ്പർ മണ്ഡലമായ കഅബാനിൽ ഒരു സ്ഥാനാർഥി മാത്രമാണ് നാമനിർദേശം നൽകിയിട്ടുള്ളത്.
29ൽ 27 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ബാക്കിയുള്ള രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. Aതെസ്നി ജനാധിപത്യ രീതിയിൽ രഹസ്യബാലറ്റ് ഉപയോഗിച്ച് നടക്കുന്ന വോട്ടെടുപ്പിന്റെ പ്രചാരണം ബുധനാഴ്ചയോടെ അവസാനിച്ചു. രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ഇന്ന് വൈകുന്നേരം തന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടും.