ഖത്തറിൽ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ട്രക്കുകൾക്കും 25ൽ കൂടുതൽ യാത്രക്കാരുള്ള ബസുകൾക്കും അധികൃതർ നിരോധനമേർപ്പെടുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് സമൂഹമാധ്യമ പേജുകളിലൂടെ യാത്രാ നിയന്ത്രണവുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്. തിരക്കേറിയ സമയങ്ങളിലായിരിക്കും നിയന്ത്രണം. എന്നാൽ തിരക്കേറിയ സമയം ഏതായിരിക്കും എന്ന കാര്യത്തിൽ നിലവിൽ വ്യക്തത നൽകിയിട്ടില്ല. അടിയന്തര ഘട്ടങ്ങളിൽ പ്രത്യേക അനുമതിയോടെ നഗരത്തിൽ യാത്രചെയ്യാനും സൗകര്യമുണ്ടെന്ന് അറിയിച്ചു.
അതേസമയം യാത്രാ നിയന്ത്രണം എത്രകാലം വരെ തുടരുമെന്ന കാര്യം അറിയിച്ചിട്ടില്ല. എന്നാൽ ഫെരീജ്അൽ അലി-മിസൈമീർ ഇന്റർസെക്ഷൻ, ഉം ലഖ്ബ ഇന്റർചേഞ്ച് എന്നിവക്കിടയിലെ ‘ഫെബ്രുവരി 22 റോഡിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ റോഡിലേക്ക് ട്രക്കുകൾക്കും 25ലധികം യാത്രക്കാരുള്ള ബസുകൾക്കും പ്രവേശനം ഉണ്ടായിരിക്കില്ല. നഗരത്തിരക്കുള്ള ഭാഗങ്ങളുടെ മാപ്പും ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമ പേജുകൾ വഴി പങ്കുവെച്ചിട്ടുണ്ട്. നിർദേശം ലംഘിക്കുന്നവർക്ക് 500 റിയാൽ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അടിയന്തര യാത്രയ്ക്ക് പെർമിറ്റ് നൽകും
നിരോധിത സമയങ്ങളിൽ നഗരത്തിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾക്ക് മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി പെർമിറ്റിന് അപേക്ഷിക്കാനുള്ള സംവിധാനമുണ്ട്. അപേക്ഷിക്കേണ്ട മാർഗങ്ങൾ ചിത്രം സഹിതം അധികൃതർ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. മെട്രാഷിലെ ട്രാഫിക് സെക്ഷനിൽ പ്രവേശിച്ചതിന് ശേഷം വെഹിക്ൾസ് തെരഞ്ഞെടുക്കുക. അതിന് ശേഷം ട്രക് പെർമിറ്റ് വഴി അപേക്ഷിക്കാം. പെർമിറ്റ് ഏതെന്ന് വ്യക്തമാക്കുന്ന പ്രോജക്ട് മാനേജ്മെന്റ്, സർക്കാർ ബോഡിയിൽ നിന്നുള്ള വർക് കോൺട്രാക്സ്, വാഹന രജിസ്ട്രേഷൻ കോപ്പി, കമ്പനി രജിസ്ട്രേഷൻ കോപ്പി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.