ഈ വർഷത്തെ ദുബായ് എയർഷോയിൽ ഏറ്റവും പുതിയ എയർലൈൻസ് ശ്രേണികളുമായി ശ്രദ്ധേയ സാന്നിധ്യമാകാൻ ഒരുങ്ങി ഖത്തർ എയർവേയ്സ്. നവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് സെന്ററിൽ വച്ചാണ് എയർഷോ നടക്കുന്നത്. എയർബസ് എ350-1000, ബോയിങ് ബി787-9, ഗൾഫ് സ്ട്രീം ജി650 ഇ.ആർ എന്നിവ ഉൾപ്പെടെയുള്ള പുതു തലമുറയിലെ വിമാനങ്ങളാണ് എയർഷോയിൽ ഖത്തർ എയർവേയ്സ് പ്രദർശിപ്പിക്കുന്നത്. അത്യാധുനിക വിമാനങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ ആഗോള വ്യോമയാന മേഖലയിലെ മുൻനിരക്കാർ എന്ന സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനാണ് ദേശീയ എയർലൈൻ കമ്പനി ലക്ഷ്യമിടുന്നത്.
അതേസമയം, പുതുതലമുറ വിമാനങ്ങളിൽ എക്സ്ക്ലൂസിവ് ടൂറുകൾ നടത്തുകയും അതിന്റെ കാബിനിനുള്ളിലെ രൂപകൽപന, സൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവ മാധ്യമങ്ങൾക്കും വ്യോമമേഖലയിലെ പ്രഫഷനലുകൾക്കും പരിചയപ്പെടുത്തി മികച്ച അനുഭവം നൽകാനും ഖത്തർ എയർവേയ്സ് പദ്ധതിയിടുന്നുണ്ട്. ദുബായ് എയർഷോയിൽ ഞങ്ങളുടെ സ്റ്റാൻഡിലേക്ക് എല്ലാ പങ്കാളികളെയും സന്ദർശകരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. നവംബർ 13 മുതൽ 17 വരെ ദുബായ് എയർ ഷോയിലെ ചാലറ്റ് 07-എ08യിലാണ് ഖത്തർ എയർവേസ് പവിലിയൻ ഇരിക്കുന്നത്.
1986ൽ ആരംഭിച്ചതു മുതൽ ലോക പ്രശസ്തരായ ആയിരക്കണക്കിന് എക്സിബിറ്റർമാരെയും സ്വകാര്യ, സിവിൽ ഏവിയേഷനിലെ മുതിർന്ന പ്രതിനിധികളെയും ആകർഷിക്കുന്ന തരത്തിൽ വ്യവസായ വാണിജ്യ, വാണിജ്യേതര വ്യോമയാനങ്ങളുടെ ഏറ്റവും സ്വാധീനമുള്ളതും വലുതുമായ ഒത്തുചേരലുകളിൽ ഒന്നായി ദുബായ് എയർഷോ ലോക ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. മാത്രമല്ല, വ്യോമയാന മേഖലയിൽ നിന്നുള്ള ലോകോത്തര പ്രദർശകരെയും വ്യവസായ പ്രമുഖരെയും ദുബായ് എയർഷോ ഒരുമിപ്പിക്കുന്നതിനാൽ ഇതൊരു മികച്ച അവസരം കൂടിയാണ്. കൂടാതെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക, പുതുതലമുറ വിമാനങ്ങളുടെ പ്രദർശനത്തിന് ദുബായ് എയർ ഷോ വേദിയാകുമെന്നും അൽ മീർ കൂട്ടിച്ചേർത്തു.