ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനി എന്ന നേട്ടം സ്വന്തമാക്കി ഖത്തർ എയർവേസ്. എയർലൈൻ റേറ്റിങ്സ് ഡോട് കോമിൻ്റെ പുതിയ റിപ്പോർട്ടിലാണ് ഖത്തർ എയർവേസ് ഒന്നാം സ്ഥാനം നേടിയത്. 12 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയ തിരഞ്ഞെടുപ്പിലായിരുന്നു ഖത്തർ എയർവേസ് മുന്നിലെത്തിയത്.
മികച്ച എയർലൈൻസ് പുരസ്കാരത്തിന് പുറമെ, ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് കാറ്ററിങ് പുരസ്‌കാരങ്ങളും ഖത്തർ എയർവേസ് കരസ്ഥമാക്കി. മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്‌കാരം ഇതോടെ തുടർച്ചയായ അഞ്ചാം തവണയാണ് ഖത്തർ എയർവേസിന് ലഭിക്കുന്നത്. യാത്രക്കാരുടെ സംതൃപ്തി, സുരക്ഷ, ആധുനിക സൗകര്യങ്ങൾ, വിമാനങ്ങളുടെ പുതുമ, സർവീസ്, തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്.
എയർലൈൻ മേഖലയിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള ജൂറിയാണ് സ്ഥാനങ്ങൾ നിർണയിച്ചത്. മുൻ വർഷങ്ങളിലെ ഒന്നാം സ്ഥാനക്കാരായ എയർ ന്യൂസിലൻഡ്, കൊറിയൻ എയർ, കാതേ പസഫിക് എയർവേസ്, എമിറേറ്റ്സ് തുടങ്ങിയവയെ പിന്നിലാക്കിയാണ് ഖത്തർ എയർവേസ് നേട്ടം സ്വന്തമാക്കിയത്.