ആകാശത്തും വൈഫൈ ലഭ്യമാക്കാനൊരുങ്ങി ഖത്തർ എയർവേസ്. വിമാനയാത്രക്കാർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്നതിനായി എലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി ഖത്തർ എയർവേസ് കരാറിൽ ഒപ്പുവെച്ചു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. തുടക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചില റൂട്ടുകളിൽ മാത്രമാണ് സേവനം ലഭ്യമാക്കുക. തുടർന്ന് എല്ലാ സർവ്വീസുകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
ഇന്റർനെറ്റ് ലഭ്യമാകുന്നതോടെ വിമാന യാത്രയ്ക്കിടെ സെക്കൻഡിൽ 350 മെഗാബൈറ്റ് വരെ അതിവേഗ വൈഫൈ സ്പീഡ് ആസ്വദിക്കാനാകും. ഇതോടെ തങ്ങളുടെ ഇഷ്ടപരിപാടികൾ ആസ്വദിച്ച് വിമാനയാത്ര കൂടുതൽ മനോഹരമാക്കാൻ സാധിക്കുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. സേവനം ലഭ്യമാകുന്നതോടെ സ്റ്റാർ ലിങ്കിന്റെ ഇന്റർനെറ്റ് സേവനം ഉപയോഗപ്പെടുത്തുന്ന അഞ്ചാമത്തെ എയർലൈൻ കമ്പനിയായി ഖത്തർ എയർവേസ് മാറും.