ഖത്തറിൽ 2022 ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് വരെയുള്ള കാലയളവിൽ 15.41 ലക്ഷം ടണ്ണിലധികം ചരക്കുകൾ നീക്കിയതായി ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേയ്സ് 2022-2023ലെ വാർഷിക റിപ്പോർട്ട്. ആഗോള വിമാന ചരക്കുകളുടെ 8.14 ശതമാനത്തോളമാണ് ഏറ്റവും വലിയ കാർഗോ വാഹകരായ ഖത്തർ എയർവേയ്സ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എത്തിച്ചിട്ടുള്ളത്. കൂടാതെ വിവിധ വൻകരകളിലേക്കായി 70ലധികം നഗരങ്ങളിലേക്കാണ് ഖത്തർ എയർവേസ് കാർഗോ സർവീസ് നടത്തുന്നത്. 150ലധികം യാത്രാ കേന്ദ്രങ്ങളിലും ഖത്തർ എയർവേയ്സ് കാർഗോ സേവനം നൽകുന്നുണ്ട്. അതേസമയം 2022-2023 സാമ്പത്തിക വർഷത്തിൽ ഉടനീളം ലോകത്തെ മുൻനിര എയർ കാർഗോ എന്ന നിലയിൽ ഖത്തർ എയർവേയ്സ് തങ്ങളുടെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. കൂടാതെ വളർച്ച, ഡിജിറ്റലൈസേഷൻ, സുസ്ഥിരത എന്നിവയിൽ തന്ത്രപരമായ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള വ്യാപാരത്തിന്റെ തുടർച്ചയെ പിന്തുണക്കുന്നുവെന്നും ഖത്തർ എയർവേയ്സ് കാർഗോ അറിയിച്ചു.
ഖത്തർ എയർവേയ്സ് കാർഗോ 4000 ടൺ വാക്സിനും 1200 ടണ്ണിലധികം ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും വിവിധ ഇടങ്ങളിലെത്തിച്ച് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ സഹായിക്കുന്നതിൽ ശക്തമായ ഇടപെടൽ നടത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ 12,600 കുതിരകളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ച് ഈ രംഗത്ത് അതിന്റെ മുൻനിര സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. മൃഗങ്ങൾ, മ്യൂസിക് ബാൻഡ് ടൂറുകൾ, ഇ-കൊമേഴ്സ്, ഫിഫയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ചാർട്ടറുകൾ ഉൾപ്പെടെ ഈ കാലയളവിൽ 1400ലധികം ചാർട്ടർ ഫ്ളൈറ്റുകൾ ഉപയോഗിച്ച് ഖത്തർ എയർവേയ്സ് കാർഗോ വലിയ തോതിൽ ചാർട്ടർ ഓപറേഷനുകളും പൂർത്തീകരിച്ചിട്ടുണ്ട്.
ആഥൻസ്, റിയാദ്, കെയ്റോ എന്നിവിടങ്ങളിലേക്ക് പുതിയ കാർഗോ സർവീസുകളും പെനാംഗ്, കൊളംബോ എന്നിവിടങ്ങളിലേക്ക് പാസഞ്ചർ ചരക്ക് വിമാനങ്ങളും ഖത്തർ എയർവേസ് കാർഗോ കൂട്ടിച്ചേർത്തു. അതേസമയം ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമാർന്ന ബുക്കിങ് അനുഭവം നൽകുന്നതിന്റെ ഭാഗമായി ഖത്തർ എയർവേയ്സ് കാർഗോയുടെ പുതിയ വെബ് പ്ലാറ്റ്ഫോമായ ഡിജിറ്റൽ ലോഞ്ചിന്റെ അവതരണവും ശ്രദ്ധ നേടിയിരുന്നു. കൂടാതെ കാരിയറിന്റെ ഒമ്നി-ചാനൽ തന്ത്രത്തിന്റെ ഭാഗമായി പ്ലാറ്റ്ഫോം ഉപയോക്താക്കൾക്ക് പ്രധാന മൂന്ന് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നുമുണ്ട്.